Friday, May 11, 2012

ഏത് രാജാവാണിവിടെ നഗ്നനല്ലാത്തത്?




 അങ്ങനെ സാംസ്കാരിക കേരളത്തിനു ചർച്ച ചെയ്യാനും പതിവു പോലെ മറക്കാനും ഒരു വിഷയം കൂടി.
ഇരതേടുന്ന ചെന്നായ്ക്കൾക്ക് മാൻ‌കുട്ടിയെ കിട്ടിയ ഭാവത്തോടെ, ഇന്ത്യാവിഷനും, റിപ്പോർട്ടറും, ഏഷ്യാനെറ്റും, മനോരമ ന്യൂസും ഒക്കെ മൽസരിച്ച് ലൈവ് പ്രക്ഷേപണങ്ങൾ ചെയ്തു.
ത്രികോണചർച്ചകളിൽ പതിവു താർക്കികന്മാരായ പി സി ജോർജ്ജും,സുധാകരനും,തിരുവഞ്ചൂരും,വി മുരളീധരനും,ശ്രീധരൻപിള്ളയും, ഐസക്കും, പിണറായിയും, ആനത്തലവട്ടവും, ഉമ്മൻ‌ ചാണ്ടിയും, ചെന്നിത്തലയും, അബ്ദുള്ളക്കുട്ടിയുമൊക്കെ മൽസരിച്ച് സൂക്ഷ്മതയോടെ ചെസ്സ് കളിച്ചു. 
എല്ലാവർക്കും പട്ടും വളയും കിട്ടുകയും അവസാനം ചായ കുടിച്ച് പിരിഞ്ഞ് പോവുകയും ചെയ്തു.
പറഞ്ഞു വന്നത് ആദർശത്തിന്റെ പേരിൽ മാത്രം പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് വന്ന ധീരനായ കമ്യൂണിസ്റ്റുകാരന്റെ കൊലപാതക വാർത്തയേക്കുറിച്ചാണു…
തിരഞ്ഞെടുപ്പിൽ ലീഡ് നില കൂടുകയും കുറയുകയും ചെയ്തതു പോലെ, ആരാണു ഉത്തരവാദി എന്ന നിഗമനങ്ങൾ മാറി മറിഞ്ഞെങ്കിലും അവസാനം ഒരു ദിശയിലേക്ക് ചൂണ്ടുന്നതു പോലുണ്ട്…
എല്ലാവരുടെയും പ്രതീക്ഷ ആ ഗുണ്ടകളെ അകത്താക്കി ഇതിലെ സൂത്രധാരനെ ഇപ്പോൾതന്നെ വെളിയിൽ കൊണ്ട് വരും എന്നാണു..
പോരാത്തതിനു ആരോപണവിധേയർ പ്രതിപക്ഷത്തും…..
ഒരിക്കലുമില്ല മക്കളേ ഒരിക്കലുമില്ല!!!

ജീവിക്കാൻ ഒരു ജോലി എന്ന മുദ്രാവാക്യവുമായി പോലീസിൽ കയറുന്ന പാവപ്പെട്ട പോലീസുകാരനൊന്നും ഒരു രാഷ്ട്രീയനേതാവിന്റെയും രോമത്തിലും തൊടില്ല…
അത് പ്രതിപക്ഷമായാലും,ഭരണപക്ഷമായാലും, ആളില്ലാപാർട്ടിയായാലും ശരി.
അവർക്ക് കസ്റ്റഡിയിലെടുക്കാൻ കൂടിയാൽ അന്തിയേരി സുരയും, കൊടി സുനിയും, കുറച്ച് വാടകക്കാരും ധാരാളം.

അന്തിയേരിക്കെന്ത്!!!!…. പാവപ്പെട്ടവന്റെ പോക്കറ്റിൽ കൈയിട്ട് വാരുന്ന ബക്കറ്റ് പിരിവുകാരുണ്ട് വീട്ട്ചെലവു നടത്താനും, കല്യാണം നടത്താനും.
ഒരു ജോലിയും ചെയ്യാതെ സസുഖം വാഴാൻ സെൻട്രൽ ജയിലുകളും, ഒരു പ്ലഷർട്രിപ്പ് വേണമെന്ന് തോന്നുമ്പോഴൊക്കെ പരോളും കിട്ടും.
യുഡിഎഫും,എൽഡിഎഫും,എൻഡിഎഫും,ലീഗും,ബിജെപിയും,ആർഎസ്സെസ്സുമെല്ലാം വളർത്തിയെടുത്ത ഒരു പാട് അന്തിയേരികൾ ജയിലുകളിലും, പുറത്തും വിഹരിക്കുന്നു. ചിലർ ജയിലുദ്യോഗസ്ഥരുടെ തോളിൽ കയ്യിട്ട് നടക്കുന്നു.
അവർക്ക് കിട്ടാത്തതൊന്നുമില്ലെന്നും, രാഷ്ട്രീയതടവുകാരുടെ തടവ് പേടിച്ച് ആ ഭാഗത്തേക്ക് മിക്കവാറും ജയിൽ ഉദ്യോഗസ്ഥരും പോവില്ലെന്നും അടുത്ത് പറഞ്ഞത് മുൻ ഡിജിപി എംജിഎം രാമൻ തന്നെയല്ലേ…

“ക്രിമിനലുകൾ നേത്യത്തത്തിലില്ലാത്ത,അഴിമതി പുരളാത്ത, ക്വൊട്ടേഷൻ സംഘങ്ങളെ പാലു കൊടുത്ത് വളർത്താത്ത ,വർഗ്ഗിയതയില്ലാത്ത, മതപുരോഹിതന്മാരുടെ തിണ്ണ നിരങ്ങാത്ത, രക്തക്കറ വീഴാത്ത, ഒരു പ്രധാന പാർട്ടിയും ഇന്ന് കേരളത്തിലില്ലെന്ന നഗ്നസത്യം നിലനിൽക്കേ യുഡിഎഫിന്റെയും, ബിജെപിയുടെയും വിശുദ്ധത ചമയലും അപഹാസ്യമാണെന്ന് ജനങ്ങൾക്ക് നന്നായറിയാം. “

ജനങ്ങൾ എന്നാൽ ഞാനുദ്ദേശിച്ചത് എല്ലാം മനസ്സിലാക്കികാണുന്ന, എന്നാൽ പാർട്ടികളെ പേടിച്ച് ചിരിച്ച മുഖത്തോടെ ബക്കറ്റ് പിരിവും, മെബർഷിപ്പ് ഫീയും കൊടുത്ത് പോരുന്ന, വിലക്കയറ്റവും, ദാരിദ്രവും സഹിച്ച് ടാക്സ് ക്യത്യമായടച്ച് ജീവിക്കുന്ന ഒരു സമൂഹത്തേക്കുറിച്ചാണു,
അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കി, സ്വന്തം പാർട്ടി മാത്രം ശരി എന്നും അതിന്റെ നേതാക്കൾ മാത്രം വിശുദ്ധപുണ്യാളന്മാർ എന്നും കരുതി ജീവിക്കുന്ന കടുത്തപാർട്ടിസ്നേഹികളേക്കുറിച്ചല്ല. അവർക്ക് മറ്റുള്ളവരുടെ മുൻപിൽ സത്യത്തെ അംഗീകരിക്കാൻ എങ്ങനെ സാധിക്കാൻ. എന്നാൽ പോലും , തിരിച്ച് എത്ര തർക്കിച്ചാലും, ഒരു സന്ദേഹം അവരുടെ ഉള്ളിൽ ബാക്കിയാവുമെന്നും, പരിധികൾ ലംഘിച്ചാൽ ഒഞ്ചിയം എവിടെയുമുണ്ടാവുമെന്നും പ്രത്യാശിക്കാം.

ഈ പാർട്ടികളിലെ ക്യമിനലുകൾ പരസ്പരം കൊന്ന് കൊലവിളിച്ച ഒരുപാട് ചന്ദ്രശേഖരന്മാരുണ്ട്, കെ കുഞ്ഞാലിയുണ്ട്, അഴീക്കോടൻ രാഘവനുണ്ട്, സുധീഷുണ്ട്, പന്ന്യന്നൂർ ചന്ദ്രനുണ്ട്, ജയക്യഷ്ണൻ മാഷുണ്ട്, പട്ടുവത്തെ ഷുക്കൂറുണ്ട്, പിന്നെ പേരു പോലും വിസ്മ്യതിയിലാണ്ടു പോയ ഒരു പാട് രക്തസാക്ഷികളുണ്ട്.
എല്ലാവരുടെയും രക്തത്തിന്റെ നിറം ഒന്നായിരുന്നു, അവരുടെ വീടുകളിലുയർന്നതു ഒരേ വികാരത്തിന്റെ നിലവിളിയായിരുന്നു.
അവരിൽ ചിലർ നിരപരാധികളായിരുന്നു, ചിലർ പക്ഷേ വാളെടുത്തവൻ വാളാൽ എന്ന നിയമത്തിന്റെ മുന്നിൽ കീഴടങ്ങിയവരും.
പല വർണ്ണത്തിലുള്ള കൊടികൾ പുതപ്പിച്ച് പാർട്ടികൾ രക്തസാക്ഷിഅക്കൗണ്ടിൽ ഒരക്കം കൂട്ടിയെഴുതുകയും, ഹർത്താൽ നടത്തുകയും ചെയ്തപ്പോഴും, അതിന്റെ പിന്നിലെ യഥാർത്ഥ സൂത്രധാരന്മാർ പിന്നാമുറങ്ങളിലിരുന്ന് ചിരിച്ചു.
കണ്ണൂരിലെ ഇടതിന്റെ ധാർഷ്ട്യത്തിനു മറുപടി പറയാൻ ഗുണ്ടാസംഘത്തെ തീറ്റിപോറ്റുന്ന നേതാവിനെ ആർക്കാണറിയാത്തത്!!?? നാദാപുരത്ത് വർഗ്ഗീയതയുടെ അമ്പ് എയ്തത് ആരാണെന്ന് ആർക്കാണറിയാത്തത് ? പെണ്ണുകേസില്പെട്ട മന്ത്രിപുത്രന്മാരെ ആർക്കാണറിയാത്തത്?
രക്തസാക്ഷികളെ ചിലപ്പോഴെങ്കിലും ഓർത്തിരിക്കുന്നത് പെറ്റമ്മമാരും, ഭാര്യമാരും, മക്കളും മാത്രമാവും ഇന്ന്.
കൂത്ത്പറമ്പിൽ അഞ്ച് യുവത്വം ബലികഴിച്ചവർ അധികാരത്തിലേറിയിട്ട് സാശ്രയവിദ്യഭ്യാസത്തിനെതിരായി എന്ത് ചെയ്തു ?
ഭാരതത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി പോരാടിയവരുടെ തലമുറക്കാർ കാർഗിലിൽ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത പട്ടാളക്കാരന്റെ ശവപ്പെട്ടിയിൽ അഴിമതി കാട്ടിയില്ലേ ? കുത്തകകൾക്ക് 2ജിയും, പെട്രോളുമെല്ലാം തീറെഴുതിക്കൊടുത്തില്ലേ ? ഇറ്റാലിയൻ സൈനികരെ കണ്ടപ്പോൾ സാഷ്ടാംഗം നമസ്കരിച്ചില്ലേ ? എണ്ണിയാലൊടുത്ത അഴിമതികളുടെ ഗന്ധം പേറുന്ന ആ പാർട്ടിയ്ടെ ആയമ്മക്ക് കോടാനുകോടി ആസ്തികൾ എവിടെനിന്നെന്ന് ആർക്കുമറിയില്ല!!
അഴിമതിക്കെതിരെ വിശുദ്ധയുദ്ധവുമായി വന്ന ഹസാരെയെ ശകുനിയുടെ തന്ത്രങ്ങളോടെ മൂലക്കിരുത്തുന്ന തന്ത്രങ്ങൾ ഭീതിപ്പെടുത്തും.
ദുർഗന്ധം വമിക്കുന്ന അഞ്ചാംമന്ത്രിക്കസേരയും,  റജീനയുടെയും, റൗഫിന്റെയും വെളിപ്പെടുത്തലുകളുമൊന്നും ആർക്കുമറിയാത്തതല്ല
ഭരിക്കേണ്ട സമയത്ത് അശ്ലീല വീഡിയോ കണ്ട് രസിക്കുന്ന,പിന്നെ സൗത്ത് ഇന്ത്യയിൽ ഭരിക്കുന്ന ഏക സംസ്ഥാനത്ത് അഴിമതിയുടെ കൊടുമുടി കയറിയ മുഖ്യമന്ത്രിയെ നിവ്യത്തികേടുകൊണ്ട് സഹിക്കുന്ന പാർട്ടിക്കും മേന്മയൊന്നും അവകാശപ്പെടാനാവില്ല.

വിവാദങ്ങളിൽ പെട്ടുഴലുകയായിരുന്ന യുഡിഎഫിനു നെയ്യാറ്റിങ്കരയിലേക്ക് കിട്ടിയ ഒരു കച്ചിത്തുരുമ്പായിരുന്നു ടിപി വധം…
പുരകത്തുമ്പോൾ വാഴവെട്ടുന്ന, വലിയവായിൽ വർത്തമാനിക്കുന്ന ഇക്കൂട്ടരെ കാണുമ്പോൾ , സന്ദേശം എന്ന ചിത്രത്തിൽ രക്തസാക്ഷിക്ക് വേണ്ടി കടിപിടി കൂടുന്ന മാമുക്കോയയോട് ഉപമിക്കാനെ കഴിയൂ.
ഈ എട്ടുകാലിമമ്മൂഞ്ഞുകൾ എന്തേ അപകടഭീഷണിയുണ്ട് എന്ന് പറഞ്ഞ സഖാവിനു സംരക്ഷണം നൽകിയില്ല ?
സിപിഎമ്മിന്റെ കൊട്ടേഷൻ സംഘങ്ങളെക്കുറിച്ച് ഉത്തമബോധ്യമുള്ളവർ എന്തേ പോലീസ് സേനയെ ഉപയോഗിച്ച് കൈകാര്യം ചെയ്തില്ലെ ?
എന്തേ കുത്തഴിഞ്ഞ ജയിലുകൾ നേരെയാക്കിയില്ല ?
കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തെളിവ് കണ്ടുപിടിക്കാൻ കഴിവുള്ള പോലീസ് സേന ഉള്ളപ്പോൾ എന്തേ മുൻപ് നടന്ന രാഷ്ട്രീയ കൊലകളിലെ യഥാർത്ഥപ്രതികളെ കണ്ടെത്താൻ ഉപയോഗിച്ചില്ല!!!
സോറി സർ!!! എല്ലാം പൊളിറ്റിക്കൽ ഡ്രാമ ആണെന്നറിയാം അടിയങ്ങൾക്ക്
കൂട്ടത്തിലൊരാൾ മരിച്ച വേദനയിൽ അകം നൊന്ത്, സത്യമൊരു നാൾ തെളിയുമെന്ന് കരുതുന്ന ഞങ്ങൾ ഒരു കൂട്ടർ ഇവിടുണ്ട്, അധികാരരാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ കാലിടറിയ ഇടത് രാഷ്ട്രീയത്തിന്റെ ഭൂതകാലത്തെയും, കമ്മ്യൂണിസം എന്ന ആശയത്തെയും ഇഷ്ടപ്പെടുന്നവർ, ഗാന്ധിജിയെയും,  അഹിംസ വാദത്തെയും, വി എസ്സിന്റെ ചില നിലപാടുകളെയും, ആന്റണിയുടെ ലാളിത്യത്തെയും, വാജ്പേയിയെയും ഒക്കെ ഇഷ്ടപെട്ടർ….. കാലമൊരുപാടു കഴിഞ്ഞാലും,  സത്യം പുലരട്ടെ.

No comments:

Post a Comment